അഹമ്മദാബാദ്: കോവിഡ് വാക്‌സിന്‍ സംഭരണ സംവിധാനത്തിന്റെ ഭാഗമായി ലക്‌സംബര്‍ഗിന്റെ വാഗ്ദാനം സ്വീകരിച്ച് ഇന്ത്യ. ഇന്ത്യയിൽ എല്ലാ മേഖലകളിലും കോവിഡ് വാക്സിൻ വിതരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ വാക്സിൻ ശീതീകരണ സംഭരണശാല സ്ഥാപിക്കാമെന്ന ലക്സംബർഗ് പ്രധാനമന്ത്രി സേവ്യർ ബെറ്റലിന്റെ വാഗ്ദാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത്. നവംബർ 19ന് നടന്ന ഇന്ത്യ-ലക്സംബർഗ് ആദ്യ ഉച്ചകോടിയിലാണ് ഈ പദ്ധതിയുടെ നിർദേശം ബെറ്റൽ മുന്നോട്ടുവെച്ചത്.
ഇന്ത്യയുടെ വിദൂരമേഖലകളിൽ വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിന് സാങ്കേതിക തടസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ലക്സംബർഗ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച വാഗ്ദാനത്തെ പ്രധാനമന്ത്രി മോദി സ്വീകരിക്കുകയായിരുന്നു. ബി മെഡിക്കൽ സിസ്റ്റം എന്ന ലക്സംബർഗ് കമ്പനിയാവും പ്ലാന്റ് സ്ഥാപിക്കുക. പൂർണ സജ്ജമായ പ്ലാന്റ് സ്ഥാപിക്കാൻ രണ്ട് വർഷത്തോളം സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടലുകൾ. മോദി സർക്കാർ മുന്നോട്ടുവെച്ച ആത്മനിർഭർ ഭാരത് ആശയത്തെ അടിസ്ഥാനമാക്കി ആഭ്യന്തര ഉത്പന്നങ്ങൾ ഉപയോഗപ്പെടുത്തിയാവും സംഭരണസംവിധാനങ്ങൾ സജ്ജീകരിക്കുക.