തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ വിതരണം സുഗമമാക്കാന്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്. ഓരോ ജില്ലകളിലും കളക്ടര്‍മാര്‍ക്ക് ആയിരിക്കും വാക്‌സിന്‍ വിതരണത്തിന്റെ ചുമതല. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. ഏറ്റവുമധികം വിതരണ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്താകെ 133 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഒരു കേന്ദ്രത്തില്‍ ദിവസേന 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഇതുവരെ 3,58,574 പേര്‍ ഇതു വരെ വാക്‌സിനേഷനു വേണ്ടി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാക്‌സിന്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തിക്കുന്ന വാക്‌സിന്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്‌സിനേഷന്‍ സെന്ററുകളിലേക്ക് അയക്കുക . 1240 കോള്‍ഡ് ചെയിന്‍ പോയിന്റുകളാണ് വാക്‌സിന്‍ സൂക്ഷിക്കാന്‍ തയാറാക്കിയിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.
കേന്ദ്ര സംഭരണ ശാലയില്‍ നിന്നെത്തിക്കുന്ന വാക്‌സിന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇവിടങ്ങളിലെ റീജിയണല്‍ വാക്‌സീന്‍ സ്റ്റോറുകളിലേക്ക് നല്‍കും. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കും. തിരുവനന്തപുരം സ്റ്റോറില്‍ നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കൊച്ചിയിലെ സ്റ്റോറില്‍ നിന്ന് എറണാകുളം , ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട്ടെ സ്റ്റോറില്‍ നിന്ന് കണ്ണൂര്‍ , കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, വയനാട് കേന്ദ്രങ്ങിലേക്കും വാക്‌സീന്‍ നല്‍കും .
അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ് ജനുവരി 21 ലേയ്ക്ക് മാറ്റിവച്ചു. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവയ്ക്കാന്‍ കാരണം. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വാക്‌സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. വാക്സിന്റെ പാക്കിംഗ് സങ്കീര്‍ണമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയം ഇതില്‍ അവസാന തീരുമാനം പ്രഖ്യാപിക്കും. വാക്‌സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്.