ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ കേരളത്തില്‍; കുത്തിവയ്പ്പ് ശനിയാഴ്ച ആരംഭിയ്ക്കും

കൊച്ചി: കേരളത്തിലേയ്ക്കുള്ള ആദ്യ ബാച്ച് കൊവിഡ് വാക്‌സിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. ശീതീകരിച്ച പ്രത്യേക വാഹനങ്ങളില്‍ വാക്‌സിന്‍ സംഭരണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടു പോയി. 1,80,000 വാക്‌സിന്‍ അടങ്ങിയ 25 പെട്ടികളാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഓരോ പെട്ടിയിലും 12,000 ഡോസ് വാക്‌സിന്‍ വീതമാണുള്ളത്. ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ വിമാനത്താവളത്തില്‍ എത്തിയത്.

കാര്‍ഗോ വിഭാഗത്തിലെ ഗേറ്റ് നമ്പര്‍ നാലിലൂടെയാണ് കേരളത്തിലേക്കുള്ള വാക്സിന്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. വാക്സിനുമായുള്ള ആദ്യ വാഹനം കോഴിക്കോട് ജില്ലയിലേക്ക് പോകും. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റടക്കമുള്ളവര്‍ എത്തി കോവിഡ് വാക്സിന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ മാല ചാര്‍ത്തിയാണ് സ്വീകരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് വാക്സിന്‍ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്. 63,000 പേരാണ് എറണാകുളം ജില്ലയില്‍ പ്രതിരോധ മരുന്നിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12 കേന്ദ്രങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പ് എറണാകുളത്ത് നടത്തുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കോവിഡ് വാക്സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിൽ എത്തിക്കും. അവിടെ നിന്നും ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളായ പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിലേയ്ക്ക്‌ വാക്സിൻ  അയക്കും.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നു 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്സിനില്‍ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും.

Top