കോവിഡ് വാക്‌സിന്‍; ജൂണില്‍ 10 കോടി ഡോസ് ഉത്പാദിപ്പിക്കും-സിറം ഇന്‍സ്റ്റിറ്റിയൂട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനായി അടിയന്തിരമായി ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍വരെ ജൂണില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കോവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനമാണ് വര്‍ധിപ്പിക്കുക.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിട്ടുള്ളത്. അവരുടെ ഇപ്പോഴത്തെ ഉത്പാദനശേഷിയായ 6.5 കോടിയില്‍നിന്ന് ഉത്പാദനം 10 കോടി ഡോസുകളായി വര്‍ധിപ്പിക്കുമെന്നാണ് വാഗ്ദാനം.

ഇപ്പോഴുള്ള വെല്ലുവിളികള്‍ക്കിടയിലും ജീവനക്കാര്‍ ദിവസം മുഴുവനും ജോലി ചെയ്യുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും സ്വീകരിച്ചുകൊണ്ട് വരുന്ന മാസത്തില്‍ വാക്‌സിന്‍ ഉത്പാദനശേഷി ഇനിയും വര്‍ധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു.

വാക്‌സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് അമിത് ഷായ്ക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ വലിയ പിന്തുണയാണ് സര്‍ക്കാരില്‍നിന്ന് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top