ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകളായ കോവിഷീല്‍ഡും കോവാക്‌സിനും രണ്ടു ഡോസ് വീതം നല്കുമെന്നും ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്‌സിന്‍ നല്‍കില്ലെന്നും അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഷീല്‍ഡ് എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
‘കോവിഷീല്‍ഡിനും കോവാക്‌സിനുമായി ഇന്ത്യയില്‍ പിന്തുടരുന്ന രണ്ട് ഡോസ് എന്ന വ്യവസ്ഥയില്‍ യാതൊരു മാറ്റവുമില്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ആദ്യ ഡോസിന് ശേഷം കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ചകള്‍ക്ക് ശേഷം നല്‍കും. കോവാക്‌സിന് രണ്ടു ഡോസുകള്‍ തമ്മില്‍ നാല് മുതല്‍ ആറ് ആഴ്ചയുടെ ഇടവേള വേണം. ഞങ്ങള്‍ ഈ ഷെഡ്യൂള്‍ തുടരുകയും വാക്‌സിനേഷന്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കണം’, സര്‍ക്കാരിന്റെ കോവിഡ് ടാസ്‌ക്‌ഫോഴ്‌സ് പ്രധാന അംഗവും നീതി ആയോഗ് ആരോഗ്യ വിഭാഗ അംഗവുമായ ഡോ വി കെ പോള്‍ പറഞ്ഞു.