ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. അടുത്ത ജൂണ്‍- ജൂലൈ മാസത്തോടെ സുരക്ഷിതവും അംഗീകൃതവും ഫലപ്രദവുമായ വാക്‌സിന്‍ 30 കോടി പേര്‍ക്ക് ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര ജോലിക്കാര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. വാക്‌സിന്‍ വിതരണം സംബന്ധിച്ചു നിലവില്‍ വിദഗ്ധര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ 60 ശതമാനം വാക്‌സിനുകളും ഇന്ത്യ നിര്‍മിച്ചു നല്‍കും. ഇതു ലോകത്ത് വാക്‌സിന്‍ ആവശ്യമുള്ളവരില്‍ നാലിലൊന്നു വരും. നിലവില്‍ നൂറിലധികം വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണ്. ഇതില്‍ 30 എണ്ണം ഇന്ത്യയിലാണ്. ഇതില്‍ തന്നെ അഞ്ചെണ്ണം ക്ലിനിക്കല്‍ പരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ ജോലിക്കാരെയും പൊലീസുകാരെയും മുനിസിപ്പല്‍ ജീവനക്കാരെയും ആദ്യം വാക്‌സിന്‍ നല്‍കുന്നവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.