തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ അവലോകന യോഗം ഇന്ന് ചേരും. വിദഗ്ധസമിതിയംഗങ്ങളും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തില്‍ വ്യാപന സാഹചര്യവും വിലയിരുത്തിയാകും കൂടുതല്‍ ഇളവുകളിലെ തീരുമാനം. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആര്‍ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമര്‍ശനവും യോഗം പരിശോധിക്കും.
ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നല്‍കേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വലിയ ഇളവുകള്‍ക്കോ, ലോക്ക്ഡൗണില്‍ സമഗ്രമായ പുനപരിശോധനയ്‌ക്കോ സാധ്യതയില്ല.
അതേസമയം, വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ ഇന്ന് തുടരും. എന്നാല്‍, നാളെ മുതല്‍ ഇളവുകള്‍ ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള തീരുമാനം ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ വ്യക്തമാകും. സംസ്ഥാനത്ത് പെരുന്നാള്‍ പ്രമാണിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുക. പെരുന്നാളിനായി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ മറ്റു കടകള്‍ തുറക്കുവാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. തുണിക്കട, ചെരുപ്പ് കട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയ്ക്കും പ്രവര്‍ത്തിക്കുവാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഈ കടകള്‍ക്ക് രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം.