ലിസ്ബൺ: കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പിൻവലിക്കാനൊരുങ്ങി പോർച്ചുഗൽ. ഏപ്രിൽ 30ന് അടിയന്തരാവസ്ഥ പിൻവലിക്കുമെന്നാണ് പ്രസിഡന്‍റ് മാർസലോ റെബേലോ ഡി സൂസ പ്രഖ്യാപിച്ചത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇതിന് മുൻപ് 15 തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപനം നടന്നത്. എന്നാൽ വിദഗ്‌ദരുടെ അഭിപ്രായം പരിഗണിച്ച് ഇനിയൊരു അടിയന്തരാവസ്ഥ പ്രഖ്യാപനം നിലവിൽ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രസിഡന്‍റ് വ്യക്തമാക്കിയത്.
ലോകം ഇതുവരെ വൈറസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്നും ഏത് സമയത്ത് വേണമെങ്കിലും വീണ്ടും രാജ്യത്തേക്കും വൈറസ് എത്താമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വരാനിരിക്കുന്ന കാലം പ്രതിസന്ധികൾ നിറഞ്ഞതായിരിക്കുമെന്നും എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് കർശനമായി തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോർച്ചുഗലിന്‍റെ ഡയറക്‌ടറേറ്റ് ജനറൽ ഫോർ ഹെൽത്ത് പുറത്തുവിട്ട റിപ്പോർട്ടിൽ 22 ശതമാനം ജനങ്ങൾക്ക് ഇതിനകം തന്നെ കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇതിൽ 8 ശതമാനം പേർക്ക് രണ്ട് ഡോസുകളും ലഭിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം, ലോകത്താകമാനം 276 വിവിധ വാക്സിനുകൾ ഇപ്പോഴും വികസനത്തിലുണ്ട്. അവയിൽ 92 എണ്ണം ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.