ലോക്ക് ഡൗണ്‍ കാലത്തെ ഡി.വൈ.എഫ്.ഐ പീടിക മൊബൈല്‍ ആപ്പ് ഹിറ്റായി മുന്നോട്ട്‌…

തലശ്ശേരി: ലോക് ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ തലശ്ശേരി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പീടിക മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങി ഒരു മാസം ആകുമ്പോഴേക്കും ഹിറ്റായിരിക്കുകയാണ്.

ഈ ആപ്പില്‍ ഇന്ന് 1500 ഓളം ആളുകളാണ് സാധനം വാങ്ങാനെത്തുന്നത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 200 ഡിവൈഎഫ്‌ഐ വളണ്ടിയര്‍മാര്‍ സദാ സമയവും സാധനങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ സജ്ജരായിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന മൊബൈല്‍ ആപ്പില്‍ അന്നത്തെ വിലവിവരമനുസരിച്ച് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ ലഭിക്കുന്നു.

ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് രണ്ട് മണിക്കൂര്‍ കൊണ്ട് സാധനങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കുന്നു. തികച്ചും സൗജന്യമായാണ് സേവനം. ഇതിനായി തലശേരി എം എല്‍ എ എ.എന്‍ ഷംസീറിന്റെ ഓഫീസ് കേന്ദ്രമായി പ്രത്യേക കണ്ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.

തലശ്ശേരി ഗവ ആശുപത്രിയിലേക്ക് 50 പി.പി.ഇ കിറ്റുകളും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തും കോവിഡ് കാലത്ത് മാതൃകയാവുകയാണ് തലശ്ശേരിയിലെ ഈ യുവാക്കള്‍. മാത്രമല്ല ഇന്ന് മുതല്‍ ഓണ്‍ലൈന്‍ യോഗ ക്ലാസുകള്‍ക്കും പി.എസ്.സി പരിശീലനത്തിനും ഇവര്‍ നേതൃത്യം നല്‍കും. ഈ ലോക്ക് ഡൗണ്‍ കാലത്ത് ഇവരുടെ നേതൃത്യത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ രക്തം ദാനം ചെയ്യാന്‍ 500 പേരാണ് എത്തിയത്.

തലശ്ശേരി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേരുന്ന സ്റ്റാര്‍ട്ടപ്പ് സംഘമാണ് ഈ ആപ്പ് വികസിപ്പിച്ച് നല്‍കിയത്.

Top