സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 19 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂര്‍ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഏഴ് പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നും മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 19 പേര്‍ കൂടി രോഗമുക്തരായി.കാസര്‍ഗോഡ് ഒന്‍പത് പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും
തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്കും ഇടുക്കിയില്‍ രണ്ട് പേര്‍ക്കും തൃശ്ശൂരില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.
രോഗമുക്തരായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത് സന്തോഷ വാര്‍ത്തയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് പത്ത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി.228 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 1,23,490 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,22,676പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലുമാണ് നീരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് 201 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14,163 സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,818 എണ്ണം നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണിന് മുന്‍പത്തെ സ്ഥിതിയിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലെന്ന അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളില്‍ ഈ മാസം 30വരെ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് . കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top