മോസ്‌കോ: കൊവിഡിനെ പ്രതിരോധിക്കാൻ റഷ്യ മൃഗങ്ങളിൽ വാക്‌സിനേഷൻ ആരംഭിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ വെറ്ററിനറി ക്ലിനിക്കുകളിൽ കാർണിവാക്-കോവ് വാക്സിൻ മൃഗങ്ങൾക്ക് നൽകിത്തുടങ്ങി.
നായ്ക്കൾ, പൂച്ചകൾ, കുറുക്കൻ, മറ്റു മൃഗങ്ങൾ എന്നിവയിൽ വാക്സിൻ നേരത്തെ പരീക്ഷിച്ചിരുന്നു. ഒരു ഡോസ് 6 മാസത്തേക്കാണ് പ്രതിരോധ ശേഷി നൽകുന്നത്. ബ്രീഡർമാർ, വളർത്തുമൃഗങ്ങളുള്ള ഇടയ്ക്കിടെ യാത്രകൾ ചെയ്യുന്നവർ, സ്വതന്ത്രമായി സഞ്ചരിക്കുന്ന മൃഗങ്ങളുള്ളവർ എന്നിവരിൽ നിന്നും വാക്സിനേഷനായി വൻതോതിൽ അഭ്യർഥനകൾ ക്ലിനിക്കുകളിൽ ലഭിക്കുന്നുണ്ടെന്ന് വെറ്ററിനറി നിരീക്ഷണ കേന്ദ്രം ഉപദേഷ്ടാവ് ജൂലിയ മെലാനോ പറഞ്ഞു.
ഈ മാസം ആദ്യം റഷ്യ കാർണിവക്-കോവിന്‍റെ വൻതോതിലുള്ള ഉത്പാദനം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ആദ്യ ബാച്ചിൽ 17,000 ഡോസുകളാണ് നിർമിച്ചത്. വാക്സിന് രാജ്യത്തിനകത്ത് ആവശ്യക്കാർ കൂടുതലാണെന്നും അതിനാൽ ആദ്യ ബാച്ച് രാജ്യത്തിനകത്ത് തന്നെ ഉപയോഗിക്കാനാണ് തീരുമാനമെന്നും വിദേശ കമ്പനികളും ഇതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മെലാനോ പറഞ്ഞു.