കൊവിഡിനു പിന്നില്‍ വുഹാന്‍ ; ലാബ് ചീഫിന്റെ 2015 ലെ പ്രബന്ധം പുറത്ത്

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കൊവിഡിന്‍റെ ഉത്ഭവം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍, വൈറസ് വ്യാപനം ശക്തമായപ്പോള്‍ തന്നെ തുടങ്ങിയതാണ്. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നും എന്നാല്‍ അങ്ങനെയല്ല, ഈ പ്രദേശത്തെ മാംസ്യ കടയിലെ മൃഗങ്ങളില്‍ സ്വാഭാവികമായി രൂപപ്പെട്ടതാണ് എന്നിങ്ങനെ നിരവധി വാദങ്ങള്‍ ഉയർന്ന് വന്നിരുന്നു. എന്നാല്‍, ഈ വാദങ്ങള്‍ സജീവമായിരിക്കെ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം കാര്യങ്ങള്‍ വഴിത്തിരിവിലേക്കെന്ന സൂചനയാണ് ലഭിക്കുന്നത്.

ചൈനയിലെ വുഹാൻ വൈറോളജി ലാബിന്‍റെ ചീഫും ‘ബാറ്റ് വുമൺ’ എന്നറിയപ്പെടുന്ന രാജ്യത്തെ വവ്വാല്‍ വൈറസുകളെക്കുറിച്ചുള്ള വിദഗ്‌ധയുമായ ഷി ഷെങ്‌ലിയും നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ വൈറസ് വിദഗ്‌ദനുമായ റാല്‍ഫ് എസ് ബാരിക്കുമായി ചേര്‍ന്ന് 2015 ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ഈ വൈറസുമായി ബന്ധപ്പെട്ടുള്ള പരീക്ഷണത്തിന്‍റെ നേട്ടത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും പറയുന്നുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

“ശാസ്ത്രീയ അവലോകന പാനലുകൾ സമാനമായ പഠനങ്ങളെ പിന്തുടരുന്നത് വളരെ അപകടകരമാണെന്ന് കരുതുന്നു,” എന്ന് ഇതുമായി ബന്ധപ്പെട്ട് പ്രബന്ധത്തിൽ എഴുതിയിട്ടുണ്ട്. വവ്വാലുകളില്‍ നിന്നും പ്രചരിക്കുന്ന വൈറസുകളിൽ നിന്ന് സാര്‍സ്-കൊവ് വീണ്ടും ഉയർന്നുവരാനുള്ള സാധ്യതയെക്കുറിച്ച് പഠനം പറയുന്നു. നേച്ചർ മെഡിസിൻ എന്ന ശാസ്ത്ര ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തില്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് മാത്യു പോറ്റിംഗർ നിയോഗിച്ച അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവരാനാണ് സംഘം ലക്ഷ്യമിട്ടത്.

Top