കൂടുതല്‍ മേഖലകള്‍ കൈയ്യടക്കി കൊവിഡ്; ആശങ്കയോടെ രാജ്യം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്നത് ആശങ്ക. മിസോറാമില്‍ 46 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ത്രിപുരയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ അഞ്ച് ദശലക്ഷം ദ്രുതപരിശോധന നടത്തിയെന്നാണ് ഐസിഎംആറിന്റെ അവകാശ വാദം. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി. ഡല്‍ഹിയില്‍ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ആശുപത്രികളാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

കൊവിഡ് തുടക്കത്തില്‍ നിയന്ത്രണവിധേയമായിരുന്ന ഹരിയാന, ജമ്മുകശ്മീര്‍, അസം, കര്‍ണാടക, ഛത്തീസ്ഗഡ്, ത്രിപുര എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. അസമില്‍ 24 മണിക്കൂറിനിടെ 215 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള അനുമതി മേഘാലയ സര്‍ക്കാര്‍ പിന്‍വലിച്ചു. നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയത് കൊവിഡ് വ്യാപനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

തമിഴ്‌നാട്ടില്‍ കൊവിഡ് മരണം 300 കടന്നു. ആകെ മരണം 307 ആയി. 24 മണിക്കൂറിനിടെ 1685 കൊവിഡ് കേസുകളും 21 മരണവും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവ് കേസുകള്‍ 34914 ആയി. ചെന്നൈയില്‍ രോഗബാധിതര്‍ 24000 കടന്നു. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 470 പുതിയ കേസുകളും 33 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 21044ഉം മരണം 1313ഉം ആയി. മധ്യപ്രദേശില്‍ കൊവിഡ് കേസുകള്‍ പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഹൈദരാബാദിലെ പൊലീസ് അക്കാദമിയിലെ രണ്ട് ഐ.പി.എസ് ട്രെയിനികള്‍ക്കും ഒരു ലൈബ്രറി അസ്സിസ്റ്റന്റിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Top