സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ട കൊല്ലം സ്വദേശിനിക്ക് ഒരുമാസമായിട്ടും രോഗം ഭേദമായില്ല

കൊല്ലം: സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ട കൊല്ലം സ്വദേശിനിക്ക് ഒരുമാസം കഴിഞ്ഞിട്ടും രോഗം ഭേദമാകാത്തത് ആശങ്ക. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനകളില്‍ ഇതുവരെ നൈഗറ്റീവ് ആകാത്തതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുകയാണ്. ഇവര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞമാസം 30നാണ് പ്രാക്കുളം സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരിക്ക് രോഗം സ്ഥിരീകരിച്ചത്.

വിദേശത്തു നിന്നെത്തിയ ബന്ധുവില്‍ നിന്നാണ് രോഗം പിടിപെട്ടത്. അന്നുമുതല്‍ ഇതുവരെ ആറ് പരിശോധനകള്‍ നടത്തി. എല്ലാഫലവും പോസിറ്റീവാണ്. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ല. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമില്ല. പക്ഷേ 48 മണിക്കൂറിലെ രണ്ട് പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാനാകൂ.

ആര്‍ടി പിസിആര്‍ പരിശോധനയില്‍ ഇപ്പോഴും പോസിറ്റീവ് കാണിക്കുന്നത് ഒരു പക്ഷേ വൈറസിന്റെ ന്യൂക്ലിക് ആസിഡ് ഷെഡിങ് പ്രതിഭാസമാകാമെന്നാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയത്ത് ഇവരില്‍ നിന്നും മറ്റുളളവരിലേക്ക് രോഗം പടരാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

അതേസമയം, കൊവിഡ് ചികിത്സയിലുള്ള 61 പേര്‍ക്ക് രോഗം ഭേദമായതായി ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതോടെ ഇനി 34 പേര്‍ മാത്രമാണ് കേരളത്തില്‍ ഇനി ചികിത്സയില്‍ ബാക്കിയുള്ളൂ. ഇതുവരെ 499 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയില്‍. 61 പേര്‍ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയില്‍ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. 21724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്.

Top