സുരക്ഷാ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം; ടോക്കിയോ മറ്റൊരു വുഹാനാകുന്നു

ജപ്പാന്‍: കിടക്കകളുടെ ലഭ്യതക്കുറവ്, വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ കുറവ്, ആശുപത്രി ജീവനക്കാര്‍ക്ക് രോഗം പടരുന്നത് തുടങ്ങി ജപ്പാനിലെ ആരോഗ്യ സംവിധാനത്തെ മുഴുവന്‍ തകര്‍ത്താണ് കൊറോണ വ്യാപിക്കുന്നത്. അതിനാല്‍ മധ്യ ടോക്കിയോയിലെ ആശുപത്രികള്‍ അടച്ചിടല്‍ ഭീഷണിയിലേക്ക്. എത്രയും പെട്ടെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യം കൊറോണയുടെ പിടിയില്‍പ്പെട്ട് തിരിച്ചുവരാനാകാത്ത തരത്തില്‍ തകര്‍ന്നുപോകുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം ഇരട്ടിക്കുകയാണ്.മധ്യ ടോക്കിയോയിലെ ഐജു ജനറല്‍ ആശുപത്രി എന്ന 10 നിലക്കെട്ടിടത്തില്‍ 140 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 44 പേര്‍ ഡോക്ടര്‍മാരാണ്. ബാക്കിയുള്ളവര്‍ അവിടെ ചികിത്സയ്‌ക്കെത്തിയവരും പരിചരിച്ച നഴ്‌സുമാരും മറ്റു ജീവനക്കാരും. രോഗികളെ ചികിത്സിക്കാന്‍ ആളില്ലാത്തതിനു പിന്നാലെ ആശുപത്രി അടയ്ക്കുകയായിരുന്നു. അടച്ചെങ്കിലും 60 രോഗികളെ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സിക്കുന്നുണ്ട്.

മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയ രോഗിയില്‍നിന്ന് അവിടുള്ളവര്‍ക്ക് രോഗം പകര്‍ന്നതായും ടോക്കിയോയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഐജു ആശുപത്രിയിലേതിനു സമാനമായി മറ്റ് ആശുപത്രികളിലെയും അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ കുറവ് രോഗം വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുവെന്ന് ടോക്കിയോയിലെ ഡോക്ടര്‍മാര്‍ വിവരിക്കുന്നതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ലിനിക്കുകളിലും ടോക്കിയോയിലെ ചെറിയ ആശുപത്രികളിലും ആവശ്യത്തിന് മാസ്‌കുകളും മറ്റു വ്യക്തിസുരക്ഷാ ഉപകരണങ്ങളും ഇല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിലവില്‍ ഉപയോഗിച്ച മാസ്‌കുകള്‍ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാനാണ് ഇവര്‍ നിര്‍ബന്ധിതരാകുന്നത്. മാത്രമല്ല, രോഗികള്‍ വര്‍ധിക്കുമ്പോഴും അവരെ ചികിത്സിക്കാനാവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുമില്ല.
പല ആശുപത്രികളും മറ്റു രോഗികളെ പൂര്‍ണമായി ഒഴിപ്പിച്ച് കോവിഡ് രോഗ ചികിത്സയ്ക്കു മാത്രമായി മാറ്റിയിരിക്കുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുകയും ആരോഗ്യ സംവിധാനത്തെ തകര്‍ക്കുകയും ചെയ്യുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ ഏഴു ദിവസത്തിനിടെ ജപ്പാനിലാകെ കോവിഡ് രോഗികളുടെ എണ്ണം 3,654 ആയിരിക്കുകയാണ്. 1000ല്‍ അധികം പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു പിന്നാലെ രോഗം സ്ഥിരീകരിച്ചാലും ആശുപത്രികളിലെ കിടക്കകള്‍ ഒഴിയുന്നതുവരെ വീടുകളില്‍ കഴിയുകയോ ഒപിയിലെത്തി ചികിത്സ തേടുകയോ മാത്രമാണ് സാധ്യമാവുക.

Top