കണ്ണൂരില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉത്സവം നടത്തി. ഉത്സവം നടത്തിയതിന് കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രം ഉല്‍സവ കമ്മിറ്റിക്കെതിരെ കേസ് എടുത്തു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് നടത്തിയ ചടങ്ങില്‍ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നു. ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും കേസുണ്ടെന്നാണ് വിവരം.
അതേസമയം എറണാകുളം ജില്ലയില്‍ ഒമ്പത് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തിലായിരുന്ന അഞ്ച് ലണ്ടന്‍ പൗരന്മാര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗമില്ലെന്ന് തെളിഞ്ഞ മറ്റ് 12 പേരെ ഇംഗ്ലണ്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആകെ 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 33 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ, ജില്ലയില്‍ അധികമായി ആറ് ഐസലോഷന്‍ വാര്‍ഡുകളും 94 പേരെ ചികിത്സിക്കാവുന്ന ഐസിയുവും സജ്ജമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാര്‍ഗവും ട്രെയിനിലും ജില്ലയിലെത്തിയവരുടെ വിവരങ്ങള്‍ സിട്രാക്കര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തും.