ന്യൂഡല്‍ഹി: ലോകത്തെ തന്നെ കീഴടക്കി മുന്നേറുന്ന കോവിഡ്19 എന്ന മഹാമാരിയുടെ വ്യാപനം തടയാനെടുത്ത നടപടികളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസമ്മതി വര്‍ധിച്ചതായി സര്‍വേഫലം.
ഏതാനും ആഴ്ചകളായി മോദിയുടെ ജനപ്രീതി 90 ശതമാനമായി ഉയര്‍ന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എന്നീ ലോകനേതാക്കളെ അപേക്ഷിച്ച് വളരെ ഫലപ്രദമായാണു മോദി കോവിഡ് പ്രതിസന്ധിയെ നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് തുടക്കത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമമായി ഉയരുമ്പോള്‍ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളര്‍ച്ചാനിരക്ക് കുറഞ്ഞ സാമ്പത്തിക വ്യവസ്ഥയിലൂടെയാണു മോദി സര്‍ക്കാര്‍ കടന്നുപോയിരുന്നത്. പൗരത്വ നിയമത്തെ ചൊല്ലി തെരുവുകള്‍ യുദ്ധക്കളങ്ങളായി മാറിയ കാലഘട്ടമുണ്ടായിരുന്നു ഇന്ത്യയ്ക്ക്. ആസമയത്ത് താഴ്ന്ന ജനസമ്മതിയാണ് കോവിഡ് പ്രതിരോധ നടപടികള്‍ മുന്നില്‍നിന്നു നയിക്കാന്‍ തുടങ്ങിയതോടെ മോദിക്ക് അനുകൂലമായത്.
ഈ കാലഘട്ടത്തില്‍ മോദിയെ അനുകൂലിക്കുന്നവര്‍ 80 ശതമാനത്തിലേക്കും 90 ശതമാനത്തിലേക്കും ഉയര്‍ന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ ബിജെപി സര്‍ക്കാരിന്റെ ജനപ്രീതി ഇനിയും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആയിരക്കണക്കിന് ആളുകള്‍ക്കു തൊഴില്‍ നഷ്ടമാകുകയും ചെറുകിട വ്യവസായം വന്‍തകര്‍ച്ച നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മോദി സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തും. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.