രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം; സ്ഥിരീകരിക്കുന്നതില്‍ കൂടുതലും ഒമിക്രോണ്‍ വകഭേദം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണു ദൃശ്യമാകുന്നതെന്നു കോവിഡ് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. എന്‍.കെ.അറോറ. മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്നും അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു.

നേരത്തെ, ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമിക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു. തുടര്‍ന്നും ഒമിക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 1700 ഒമിക്രോണ്‍ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 510 കേസുകളാണ് ഒരു സംസ്ഥാനത്തെ ഉയര്‍ന്ന സംഖ്യ.

തിങ്കളാഴ്ച ഒമിക്രോണ്‍ കേസുകളില്‍ 22 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ 4,099 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.5 ശതമാനമാണ്.

Top