കൊവിഡ് ഭീതി; റിയൽ‌മി എക്സ് 7 മാക്സ് സ്മാർട്ട്ഫോണ്‍ ഇന്ത്യന്‍ ലോഞ്ചിംഗ് മാറ്റി

ഇന്ത്യയിൽ കൊവിഡ്-19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ  റിയൽ‌മി എക്സ് 7 മാക്സ് സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് അനിശ്ചിതമായി മാറ്റിവെക്കാൻ കമ്പനി തീരുമാനിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിവൈസാണ് ഇത്.  30,000 രൂപ വില വിഭാഗത്തിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്യാനിരുന്നത്. എക്സ്7 സീരിസിൽ നേരത്തെയും ഡിവൈസുകൾ അവതരിപ്പിച്ചിരുന്നു.

റിയൽ‌മി എക്സ്7 മാക്സ് 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് മാറ്റിവയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് കമ്പനി സോഷ്യൽ മീഡിയ വഴിയാണ് അറിയിച്ചത്. “വാർഷികാഘോഷത്തോടൊപ്പം പുറത്തിറക്കാനിരുന്ന സ്മാർട്ട്‌ഫോൺ, എഐഒടി പ്രൊഡക്ടുകൾ എന്നിവയുടെ ലോഞ്ച് മാറ്റിവയ്ക്കാൻ റിയൽ‌മി തീരുമാനിച്ചു” എന്നാണ് റിയൽ‌മി ഇന്ത്യയുടെ മേധാവി മാധവ് ഷെത്ത് ട്വീറ്റ് ചെയ്തത്.

കൊറോണ വൈറസ് പാൻഡെമിക്കിന്റെ മാരകമായ രണ്ടാം തരംഗത്തെ തുടർന്നാണ് ലോഞ്ച് ഇവന്റ് മാറ്റി വയ്ക്കുന്നത് എന്ന് റിയൽമി ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിൽ വിശദീകരിച്ചു. ലോഞ്ച്, വാർഷികാഘോഷങ്ങൾ മാറ്റിവയ്ക്കുന്നതാണ് നിലവിലെ അവസ്ഥയിൽ ശരിയായ കാര്യമെന്നാണ് കമ്പനി കരുതുന്നത്. ലോഞ്ചും വാർഷിക ആഘോഷങ്ങളും നടത്തുന്നതിന് പകരം ജനങ്ങളെയും സമൂഹത്തെയും സഹായിക്കുന്നതിന് കമ്പനിയുടെ റിസോഴ്സുകളും എനർജിയും ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Top