വാക്‌സീന്‍ ഇടവേള കുറയ്ക്കണമെന്നത് കിറ്റെക്‌സിന്റെ മാത്രം തീരുമാനമെന്ന് കേന്ദ്രം

കൊച്ചി: കോവിഷീല്‍ഡ് വാക്‌സീന്‍ കുറഞ്ഞ ഇടവേളയില്‍ നല്‍കണം എന്നത് കിറ്റെക്‌സിന്റെ മാത്രം തീരുമാനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പണം നല്‍കിയുള്ള വാക്‌സീന്‍ ഇടവേള 28 ദിവസമായി വെട്ടിക്കുറച്ചതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ വാദം ഉന്നയിച്ചത്.

തൊഴിലാളികളുടെ വ്യക്തിപരമായ അവകാശത്തിനു വിരുദ്ധമാണ് ഇത്. പൗരന്മാര്‍ക്ക് മെച്ചപ്പെട്ട സംരക്ഷണമുറപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വാക്‌സീന്‍ ഇടവേളയില്‍ കോടതി ഇടപെടരുതെന്നും വാദിച്ചു.

നേരത്തെ, പെയ്ഡ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസം കഴിയുമ്പോള്‍ ബുക്കിങ്ങിനു സൗകര്യം ലഭിക്കും വിധം കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. വാക്‌സീന്‍ ഇടവേള 84 ദിവസമായി നിശ്ചയിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നു നേരത്തേ കോടതിയില്‍ അറിയിച്ചിരുന്നു. കേസ് വിധി പറയാനായി മാറ്റിവച്ചു.

Top