ലോകത്ത് ഇതുവരെ 14,71,70,834 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കിയിട്ടുണ്ട്. 207 രാജ്യങ്ങളിലും അതിർത്തി മേഖലകളിലുമായി 1,00,29,38,540 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ രൂക്ഷമായ കൊറോണ വ്യാപനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലേതിന് സമാനമായി പല രാജ്യങ്ങളിലും ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതർ. വെള്ളിയാഴ്ച ആഗോള തലത്തിൽ 8,93,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ലോകത്തെ പ്രതിദിന രോഗികളിൽ മൂന്നിൽ ഒരു ഭാഗവും ഇന്ത്യക്കാരാണ്.