ഗോരക്ഷകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഗോരക്ഷകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നടപടിയെടുക്കണമെന്നും, എല്ലാ ജില്ലകളിലും പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഗോരക്ഷാ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ നിര്‍ദേശിച്ചത്.

ഗോ രക്ഷയുടെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ അഴിച്ച് വിടുന്ന സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തകനായ തെഹ്സിന്‍ പൂനെവാല നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി കോടതി വാദം കേട്ടത്‌.

ഗോ രക്ഷയുടെ പേരില്‍ നടന്ന അതിക്രമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരും, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക സംസ്ഥാനങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ക്രമസമാധാന പ്രശ്നമാണെന്നും അതില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ചുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്‌.

Top