ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രേം നഗറിലെ മദ്രസയ്ക്കു സമീപം പശു സംരക്ഷകരുടെ മര്‍ദ്ദനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഈദ് ദിനത്തില്‍ അറുത്ത കാളകളുടെ മാംസാവശിഷ്ടം മാറ്റുന്നതിനിടെയായിരുന്നു മര്‍ദ്ദനം. മിനിലോറിയില്‍ മാംസാവശിഷ്ടവുമായിപോയ രണ്ടുപേരെ പശു സംരക്ഷകര്‍ ലോറിയില്‍നിന്നും പിടിച്ചിറക്കിയ ശേഷം വിവസ്ത്രരാക്കി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഏകദേശം 24 ഓളം ആളുകള്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ഹാഫീസ് അബ്ദുള്‍ ഖാലിദ് (25), അലി ഹസന്‍ (35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 7.30 ന് മാലിന്യങ്ങള്‍ ചാക്കിലാക്കി മിനി ലോറിയില്‍ കയറ്റുമ്പോള്‍ പ്രദേശവാസികളായ രണ്ട് യുവാക്കള്‍ ബൈക്കിലെത്തി ഖാലിദിനെയും അലിയേയും തടഞ്ഞു. ബൈക്കിലെത്തിയവര്‍ അറിയിച്ചതനുസരിച്ച് കൂടുതല്‍ പേര്‍ എത്തുകയും ക്രൂരമര്‍ദനം അരങ്ങേറുകയും ചെയ്തു. ആറു കാറുകളിലാണ് അക്രമികള്‍ എത്തിയത്.കാളകളുടെ മാംസാവശിഷ്ടമാണെന്ന് ഖാലിദും അലിയും കരഞ്ഞുപറഞ്ഞിട്ടും അക്രമികള്‍ അംഗീകരിച്ചില്ല.
സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഖാലിദിനെയും അലിയേയും സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.