വനഭൂമികളില്‍ പശു സംരക്ഷണ കേന്ദ്രത്തിന് നിര്‍ദേശവുമായി ആഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: കശാപ്പ് നിരോധിച്ച 16 സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലളെയും വനഭൂമികളില്‍ പശു സംരക്ഷണ കേന്ദ്രങ്ങള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ജി. അഹീര്‍.

കന്നുകാലി കടത്തുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ തടയാനായാണ് മന്ത്രിയുടെ പശു സാങ്ച്വറി നിര്‍ദേശം.

സെപ്റ്റംബര്‍ ആദ്യം ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.

കശാപ്പ് നിരോധിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ ചന്ദ്രര്‍പുറില്‍ നിന്നുള്ള എംപിയാണ് ഹന്‍സ് രാജ് ജി. അഹീര്‍.

പശു സാങ്ച്വറികള്‍ക്കായി കാര്യമായ പണം മുടക്കേണ്ടതില്ലെന്നും പശുക്കള്‍ക്കുള്ള തീറ്റ വനത്തില്‍ നിന്ന് തന്നെ കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇത് കണ്ടെത്താമെന്നും ഇത് പ്രാദേശിക ജനങ്ങള്‍ക്ക് ജോലി ലഭിക്കാന്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യമൊട്ടാകെയുള്ള ഗോശാലകളെ സാങ്ച്വറികളുമായി കൂട്ടിച്ചേര്‍ക്കാവുന്നതാണെന്നും അഹീര്‍ അറിയിച്ചു.

ഓരോ ജില്ലയിലും പശു സാങ്ച്വറികള്‍ നിലവില്‍ വരുന്നതോടെ കശാപ്പ് മൂലമുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കശാപ്പ് നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ പശു കടത്ത് ഒരു ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നിരിക്കുക യാണ്. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്നും, ഇത് താന്‍ നേരത്തെ എടുത്തിരുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top