ആരോഗ്യപ്രശ്നങ്ങള്‍ മാറാന്‍ മുന്‍ പ്രധാനമന്ത്രി ഗോമൂത്രം കുടിക്കുമായിരുന്നു: കേന്ദ്രമന്ത്രി

പട്‌ന: മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ദിവസവും ഗോമൂത്രം കുടിക്കുമായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിനി ചൗബേ.പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള വിശിഷ്ടമായ കഴിവ് ഗോമൂത്രത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യസംരക്ഷണത്തിനായി മൊറാര്‍ജി ദേശായി ഗോമൂത്രം കുടിക്കുമായിരുന്നുവെന്നും അതുകൊണ്ട് ഗോമൂത്രത്തെപ്പറ്റി വിശദമായ ഗവേഷണം തന്നെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്യാന്‍സര്‍ രോഗത്തിനടക്കം നിരവധി മരുന്നുകള്‍ ഗോമൂത്രം ഉപയോഗിച്ച് നിര്‍മ്മിക്കാമെന്ന ചൗബേയുടെ പ്രസ്തവന സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

2030 ഓടെ പ്രമേഹം പോലുള്ള രോഗങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ഫലപ്രദമായ മരുന്നുകള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ രോഗവിമുക്തിക്കും മരുന്നുകളുടെ നിര്‍മാണത്തിനും ഗോ മൂത്രം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിലാണ് ആയുഷ് മന്ത്രാലയമെന്ന്
അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

അര്‍ബുദത്തിനടക്കം നിരവധി മരുന്നുകളില്‍ ഗോമൂത്രം ഉപയോഗിക്കാമെന്നും നാടന്‍ പശുക്കളുടെ മൂത്രമാണ് ഇതിനായി ഉപയോഗിക്കുകയെന്നും ചൗബേ പറഞ്ഞിരുന്നു.

Top