ഗോമൂത്രം കുടിച്ചപ്പോള്‍ തന്റെ സ്തനാര്‍ബുദം മാറി; അവകാശവാദവുമായി സാധ്വി പ്രജ്ഞ

ന്യൂഡല്‍ഹി: ഗോമൂത്രം കുടിച്ച് തന്റെ സ്തനാര്‍ബുദം മാറിയെന്ന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞ. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

പലയിടങ്ങളിലും ഗോക്കളോട് പെരുമാറുന്നത് വേദനാജനകമാണ്. ഗോധനം അമൃതാണ്. സാധ്വി പറഞ്ഞു. പശുക്കളില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആരോഗ്യനേട്ടങ്ങളേയും കുറിച്ച് സംസാരിച്ച സാധ്വി ഒരാള്‍ പശുവിനെ ഒരു പ്രത്യേക രീതിയില്‍ തടവിയാല്‍ അയാളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ അത് സഹായിക്കുമെന്നും പറഞ്ഞു.പിന്നില്‍ നിന്നും കഴുത്തിലേക്ക് തടവിയാല്‍ ഗോമാതാവിന് സന്തോഷമാവും. അത് നിങ്ങള്‍ ദിവസവും ചെയ്താല്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാവും. തിരിച്ചാണ് തടവുന്നതെങ്കില്‍ രക്തസമ്മര്‍ദ്ദം മാറില്ല. ഇത് ശാസ്ത്രീയമാണെന്നും സാധ്വി പറഞ്ഞു.

ഇന്നലെയാണ് ഭോപ്പാലില്‍ സാധ്വി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മന്ത്രധ്വനികളുടെ സാന്നിധ്യത്തിലായിരുന്നു നാമനിര്‍ദേശ സമര്‍പ്പണം. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സാധ്വി ഇപ്പോള്‍ ജാമ്യത്തിലാണ്. മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങാണ്‌ സാധ്വിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി.

Top