തിരുവനന്തപുരം: എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തതിന് എന്‍എസ്എസ് ഭാരവാഹിക്കെതിരെ കൂടുതല്‍ നടപടി. മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സിപി ചന്ദ്രന്‍നായരെ മാറ്റി. പാലായില്‍ തോമസ് ചാഴികാടന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതിനാണ് ചന്ദ്രന്‍ നായര്‍ക്കെതിരെ നടപടിയെടുത്തത്.
തോമസ് ചാഴകാടന്റെ പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തതാണ് എന്‍എസ്എസ്സിന്റെ എതിര്‍പ്പിന് കാരണമായത്. മീനച്ചില്‍ താലൂക്ക് യൂണിയനിലെ ഒരു വിഭാഗം ഇതിനെതിരെ പ്രതിഷേധം ഉന്നയിച്ചു. തുടര്‍ന്ന് എന്‍ എസ് എസ് നേതൃത്വം സിപി ചന്ദ്രന്‍നായരെ മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനാത്ത് നിന്നും നീക്കുകയായിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റിന് ചുമതല നല്കി പുതിയ കമ്മിറ്റിയെയും രൂപീകരിച്ചു.
ഇതിന് പിന്നാലെയാണ് ഡയര്‍ക്ടര്‍ ബോഡില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയത്. സമദൂരമെന്ന എന്‍എസ്എസ് നിലപാടിനെതിരെ പ്രവര്‍ത്തിച്ചു എന്നതിന്റെ പേരിലാണ് ചന്ദ്രന്‍ നായര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. വിഷയം അടഞ്ഞ അധ്യായമാണെന്നും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. സംഭവത്തില്‍ എല്‍ഡിഎഫും തോമസ് ചാഴികാടനും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാല നഗരസഭയില്‍ ചന്ദ്രന്‍ നായര്‍ ഇടത് സ്വതന്ത്രനായി കൗണ്‍സിലറായിരുന്നു.