തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിച്ച ചീഫ് സെക്രട്ടറിക്കെതിരെ സിപിഐ. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല. ആരാണ് ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരം നല്‍കിയതെന്ന് ചോദിച്ച സിപിഐ ഉദ്യോഗസ്ഥരെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം ഇടപെടണമെന്നും ആവശ്യപ്പെട്ടു.
മഞ്ചിക്കണ്ടി ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷം സിപിഐ അന്വേഷണ സംഘമാണ് ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവര്‍ത്തിക്കുന്ന അവസ്ഥമാണ് ഇപ്പോഴുള്ളതെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു ആരോപിച്ചു.
മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നും ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്പെട്ടത്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വലിയ വിവാദമായ സാഹചര്യത്തില്‍ കൂടിയാണ് ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ലേഖനമെഴുതിയത്. മാവോയിസ്റ്റ് രീതികളെ ന്യായീകരിക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.