cpi against pinaray-law academy issue

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി വിവാദത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സിപിഐ രംഗത്ത്. ഭൂമി വിഷയത്തില്‍ റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാനുള്ള മര്യാദ മുഖ്യമന്ത്രി കാട്ടണമായിരുന്നെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ റവന്യൂമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ മന്ത്രി അദ്ദേഹത്തിന് കിട്ടിയ ഉത്തരവാദിത്തപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ ആര്‍ക്കും പ്രതികരിക്കാനാകൂ. അതിന് മുന്‍പ് ഏറ്റെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കില്‍ അത് അമിതാവേശമാണ്.

റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഈ വിഷയത്തില്‍ നിര്‍ണായകമാണ്. ആ ബോധ്യം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ആ ബോധ്യം ആദ്യം ഉണ്ടാകേണ്ടത് ഇടതുപക്ഷ സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിക്കാണ്.

റിപ്പോര്‍ട്ടില്‍ തെറ്റായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപടിയെടുക്കും. നീതിയുടേയും ന്യായത്തിന്റേയും ഭാഗത്ത് നില്‍ക്കാനേ ഇടതുപക്ഷ സര്‍ക്കാരിന് സാധിക്കൂവെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

ന്യായവും നീതിയും നിയമവും ഉയര്‍ത്തിപ്പിടിക്കണമെന്ന നിലപാടാണ് സിപിഐയ്ക്കുള്ളതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

Top