നെടുങ്കണ്ടം: യു.ഡി.എഫിന് കേരളത്തില്‍ ഇനിയൊരു ഭരണമില്ലെന്ന് മനസ്സിലാക്കി കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരെ എല്‍.ഡി.എഫ്. ഏറ്റെടുത്ത് ചുമക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍.
കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പി.യും എല്‍.ഡി.എഫിന് എതിരാളികളല്ല. കേന്ദ്രത്തില്‍ ബി.ജെ.പി.യെ താഴെയിറക്കാന്‍ ഇടതുപക്ഷ പാര്‍ട്ടികളും മതനിരപേക്ഷ പാര്‍ട്ടികളും പ്രശ്‌നാധിഷ്ഠിതമായി ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് സി.പി.ഐ. ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിലേക്ക് വരാന്‍ തയാറായവരെയെല്ലാം കൂടെ കൂട്ടാന്‍ പറ്റില്ല. പലരും സോളാര്‍ കറന്റ് അടിച്ചവരാണ്. അവരെ തൊട്ടാല്‍ തൊടുന്നവനും ഷോക്കടിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
പല ജാതിപ്പാര്‍ട്ടികളും വരാമെന്ന് പറഞ്ഞ് നില്‍ക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പൊതു ശത്രു സംഘപരിവാറാണ്. ബി.ജെ.പി.യിലൂടെ സംഘവരിവാറാണ് ഇവിടെ ഫാസിസ്റ്റ് ഭരണം നടത്തുന്നത്. അവരെ തിരുത്താന്‍ കോണ്‍ഗ്രസുമായി യോജിക്കുക എന്നത് സി.പി.ഐ.യുടെ അജണ്ടയിലില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.