മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി യുവ നേതാവ് സി എ അരുൺകുമാറിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ. ഇന്ന് നടന്ന ജില്ല എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് അരുണിനെ ഒന്നാം പേരുകാരനാക്കിയുള്ള പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. കൊല്ലം, കോട്ടയം ജില്ലാ കൗൺസിലുകൾ നേരത്തെ അരുണിന്റെ പേര് ഒഴിവാക്കിയിരുന്നു. നാളെ നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷമാകും സ്ഥാനാർത്ഥി കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം കൈക്കൊള്ളുക.
മുൻ വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നു മത്സരിച്ചവരെല്ലാം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർ ആയിരുന്നു. ഇത്തവണ ആലപ്പുഴക്കാരനായ അരുൺകുമാറിനെ പരിഗണിക്കണം എന്ന പൊതു അഭിപ്രായമാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ ഉയർന്നത്. അരുണിൻ്റെ പ്രായമടക്കമുള്ള അനുകൂല ഘടകങ്ങളും, മണ്ഡലത്തിലെ പ്രവർത്തനങ്ങളും യോഗങ്ങളിൽ ചർച്ചയായി. ഇതിന് പിന്നാലെയാണ് ഒന്നാം പേരുകാരനായി അരുണിനെ ഉൾപ്പെടുത്തിയ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറാൻ ജില്ലാ കൗൺസിൽ തീരുമാനമെടുത്തത്. ചേർത്തല മണ്ഡലം സെക്രട്ടറിയായ എം സി സിദ്ധാർത്ഥൻ, എ.ഐ.വൈ.എഫ് ജില്ലാ ജോയിൻ സെക്രട്ടറി എം സന്തോഷ് കുമാർ തുടങ്ങിയവരുടെ പേരുകളും പട്ടികയിൽ ഇടം പിടിച്ചു. ആലപ്പുഴക്കാരായവരെ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയിലൂടെ അരുണിനെ തന്നെ പരിഗണക്കണമെന്ന പൊതു ആവശ്യമാണ് ജില്ലാ കൗൺസിൽ മുന്നോട്ട് വയ്ക്കുന്നത്.
കൊല്ലം-കോട്ടയം ജില്ലാ കൗൺസിലുകൾ തയ്യാറാക്കിയ പട്ടികയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെയാണ് ആദ്യ പേരുകാരനായി ഉൾപ്പെടുത്തിയത്. രണ്ട് കൗൺസിലുകളും അരുണിനെ ഒഴിവാക്കുക കൂടി ചെയ്തതോടെയാണ് മാവേലിക്കരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടിയിൽ തന്നെ അഭിപ്രായ ഭിന്നതകൾ ഉണ്ടായത്. നാളെ നടക്കുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾക്ക് ശേഷം ദേശീയ നേതൃത്വത്തിന്റെ അനുമതിയോടുകൂടി ആവും സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുക. വയനാട്, തൃശ്ശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും നാളെ നടക്കും. എന്നാൽ മാവേലിക്കരയിലെ സ്ഥാനാർത്ഥി ആരാകുമെന്ന ആകാംഷയിലാണ് മൂന്നു ജില്ലകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരും നേതാക്കളും.