cpi invited cpm rebels in Nilambur

മലപ്പുറം: തിരുവനന്തപുരത്ത് സി.പി.ഐ ജില്ലാ സെക്രട്ടറിയെ പാര്‍ട്ടിയിലെടുത്ത സി.പി.എമ്മിന് നിലമ്പൂരില്‍ സി.പി.എം വിമതരെ പാര്‍ട്ടിയിലേക്കു ക്ഷണിച്ച് സി.പി.ഐയുടെ തിരിച്ചടി.

മുന്നണി ബന്ധം മറന്നാണ് തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സി.പി.ഐ നടപടിയെടുത്ത ജില്ലാ സെക്രട്ടറി അഡ്വ. പി. രാമചന്ദ്രന്‍നായരെ സി.പി.എം പാര്‍ട്ടിയിലെടുത്ത് ജില്ലാ കമ്മിറ്റി അംഗമാക്കിയത്. സി.പി.ഐ സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നുവെങ്കിലും സി.പി.എം നേതൃത്വം ഇക്കാര്യം ഗൗനിക്കുകപോലും ചെയ്തിരുന്നില്ല.

ഇതിനു മറുപടിയായാണ് സി.പി.എം നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് നിലമ്പൂരിലെ സി.പി.എം വിമതരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി ചര്‍ച്ച നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ ഇന്നലെ നിലമ്പൂരിലെത്തിയാണ് സി.പി.എം വിമതരുടെ ജനകീയകൂട്ടായ്മ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പാര്‍ട്ടിയില്‍ മാന്യമായ സ്ഥാനവും സംരക്ഷണവുമാണ് സി.പി.ഐ വാഗ്ദാനം ചെയ്തത്.

29ന് നടക്കുന്ന ജനകീയ കൂട്ടായ്മ കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് നിലപാട് അറിയിക്കാമെന്നാണ് വിമതര്‍ വ്യക്തമാക്കിയത്. ജനകീയ കൂട്ടായ്മ രക്ഷാധികാരികളായ ഉമ്മഴി വേണു, അഡ്വ. ഗോവര്‍ദ്ധന്‍ പൊറ്റക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ജനകീയ കൂട്ടായ്മ യു.ഡി.എഫിനൊപ്പം പോകാതെ സ്വന്തം നിലയ്ക്ക് മത്സരിച്ചാണ് നിലമ്പൂര്‍ നഗരസഭയില്‍ രണ്ട് കൗണ്‍സിലര്‍മാരെ നേടിയതെന്നും അവരെ ഇടതുപക്ഷത്തുതന്നെ നിലയുറപ്പിക്കാനായാണ് സി.പി.ഐയിലേക്ക് ക്ഷണിച്ചതെന്ന് ജില്ലാ സെക്രട്ടറി പി.പി സുനീര്‍ പറഞ്ഞു.

സി.പി.ഐയില്‍ ആരെ എടുക്കണമെന്നു തീരുമാനിക്കുന്നത് സി.പി.എം അല്ലെന്നും പാര്‍ട്ടി എന്ന നിലക്ക് ഇടതുമതേതര നിലപാടുള്ളവരെ ഒപ്പം നിര്‍ത്തുകയാണ് ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

നേതൃത്വത്തെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നടപടി നേരിട്ട വിമതരെ സി.പി.ഐയില്‍ എടുക്കുന്നത് ശരിയല്ലെന്ന നിലപാട് സി.പി.എം ജില്ലാ നേതൃത്വം സി.പി.ഐയെ അറിയിച്ചിരുന്നു. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലക്ക് മറികടന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി തന്നെ നേരിട്ടെത്തി വിമതരുമായി ചര്‍ച്ച നടത്തിയത്.

1992ല്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്ന ദേവദാസ് പൊറ്റേക്കാടിനെതിരെ സി.പി.എം നടപടിയെടുത്തപ്പോള്‍ സി.പി.ഐ രണ്ടും കൈയ്യുംനീട്ടി ദേവദാസിനെ പാര്‍ട്ടിയിലെടുത്തിരുന്നു. പിന്നീട് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സ്ഥാനവും നല്‍കി.

ദേവദാസിന്റെ സഹോദരന്‍ അഡ്വ. ഗോവര്‍ദ്ധന്‍ പൊറ്റേക്കാട് അടക്കമുള്ളവര്‍ ഇപ്പോള്‍ സി.പി.എം വിമതരുടെ ജനകീയ കൂട്ടായ്മയിലാണ്. നിലമ്പൂര്‍ നഗരസഭയില്‍ രണ്ട് കൗണ്‍സിലര്‍മാരുള്ള ജനകീയകൂട്ടായ്മയ്ക്ക് മുഴുവന്‍ വാര്‍ഡുകളിലും പ്രവര്‍ത്തകരുമുണ്ട്. മത്സരിച്ച 11 വാര്‍ഡുകളിലായി 2185 വോട്ടും പിടിച്ചു. സി.പി.എമ്മിനേക്കാള്‍ 339 വോട്ടുകള്‍ കൂടുതല്‍ നേടാനും ജനകീയകൂട്ടായ്മക്കു കഴിഞ്ഞു.

ഈ ജനകീയ അടിത്തറ പ്രയോജനപ്പെടുത്താനാണ് സി.പി.ഐ വിമതരെ ക്ഷണിക്കുന്നത്. നേരത്തെ സി.പി.എം പുറത്താക്കിയ സിഐടിയു ജില്ലാ സെക്രട്ടറി കെ.പി ബാലകൃഷ്ണനെയും സിപി.ഐ പാര്‍ട്ടിയിലെടുത്തിരുന്നു. നിലമ്പൂര്‍ മേഖലയില്‍ വിമതന്‍മാരെ പാര്‍ട്ടിയിലെടുത്ത് സി.പി.ഐ കരുത്തുനേടുന്നത് സി.പി.എമ്മിനു തിരിച്ചടിയാകും.

നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ അമരമ്പലം പഞ്ചായത്തില്‍ സി.പി.എമ്മും സിപി.ഐയും മുന്നണിയില്ലാതെയാണ് ഇത്തവണ മത്സരിച്ചത്. അതിനാല്‍ സിപി.എം വിമതരെ സ്വാഗതം ചെയ്യുന്നതില്‍ സി.പി.ഐ കമ്മിറ്റികളും അനുകൂലമാണ്.

Top