ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പായ സീറ്റ് സിപിഐക്ക് ലഭിച്ചാല്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന.
സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, സെക്രട്ടറി ഡി രാജ എംപി എന്നിവര്‍ ഇക്കാര്യം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട് എന്നിവരോട് സൂചിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. സിപിഐയുടെ വിദ്യാര്‍ത്ഥി ഘടകമായ എഐഎസ്എഫിന്റെ നേതാവു കൂടിയാണ് കനയ്യ കുമാര്‍.
സിപിഎം സീറ്റ് വിട്ട് നല്‍കുകയാണെങ്കില്‍ മുന്‍മന്ത്രി ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ സിപിഐ സംസ്ഥാന ഘടകം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ടിഎന്‍ സീമയും, കെഎന്‍ ബാലഗോപാലും സിപിഎം പ്രതിനിധികളായതിനാല്‍ സിപിഎം നേതൃത്വം വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല.
ഈയൊരു സാഹചര്യത്തിലാണ് സിപിഎമ്മിന് കൂടി സ്വീകാര്യനായ കനയ്യ കുമാറിന്റെ പേര് സിപിഐ ദേശീയ നേതൃത്വം മുന്നോട്ട് വെച്ചിട്ടുള്ളത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട കനയ്യകുമാറിനെതിരായ തെളിവുകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതും അദ്ദേഹത്തിന് ജാമ്യം ലഭിച്ചതും രാജ്യവ്യാപകമായി രക്തസാക്ഷി പരിവേഷം നിലനില്‍ക്കുന്നതും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും ബംഗാളിലും പരമാവധി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് ഇടത് നേതൃത്വം.
പന്ത് ഇപ്പോള്‍ സിപിഎമ്മിന്റെ കോര്‍ട്ടിലായതിനാല്‍ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് സിപിഐ നേതൃത്വം.
കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടായ കനയ്യ കുമാര്‍ രാജ്യസഭയില്‍ എത്തിയാല്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്.