തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട നടപടിയില്‍ വിമര്‍ശനവുമായി സിപിഐയുടെ ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച പോലീസിന്റെ ആദ്യ സംഘവും രണ്ടാം സംഘവും പൂര്‍ണ പരാജയമായിരുന്നു. സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും പറഞ്ഞു.
അതേസമയം വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനെക്കുറിച്ച് നിയമോപദേശം നേടിയ പൊലീസ് പൂര്‍ണമായ വിധിപകര്‍പ്പ് കിട്ടിയശേഷം അപ്പീല്‍ നല്‍കും.
കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണം.പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. അഞ്ചുപ്രതികളുണ്ടായിരുന്ന കേസില്‍ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായെന്നാണ് സൂചന. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താന്‍ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയില്‍പ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ആദ്യ മരണത്തില്‍ കേസെടുക്കാന്‍ അലംഭാവം കാണിച്ചതിന് വാളയാര്‍ എസ്ഐയെ സസ്പെന്റ് ചെയ്തു.
കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ചര്‍ച്ചയായിരുന്നു. പിന്നീട് അദ്ദേഹംകേസ് വേറെ അഭിഭാഷകര്‍ക്ക് കൈമാറുകയായിരുന്നു. ഇനിയുളളത് പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ കേസ് മാത്രമാണ്. അടുത്ത മാസം പകുതിയോടെ വിധിയുണ്ടാകുമെന്നാണ് സൂചന.