തിരുവനന്തപുരം: പാര്‍ലമെന്റിലേക്ക് ഇടതുപക്ഷത്തെ അയയ്ക്കുന്നത് വേസ്റ്റാണെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് ആനി രാജ. രാജ്യം കടന്നുപോകുന്ന സ്ഥിതിയെക്കുറിച്ച് തരൂരിന് ബോധ്യമില്ലെന്ന് ആനി രാജ വിമര്‍ശിച്ചു. ഇടതുപക്ഷം നെഞ്ചുറപ്പോടെ നില്‍ക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് മതേതരത്വവും ഫാസിസ്റ്റ് വിരുദ്ധതയും പ്രസംഗിക്കുന്നത്. രാഹുല്‍ ഗാന്ധി എവിടെയാണ് ഫാസിസത്തിനെതിരെ പോരാടിയതെന്നും ആനി രാജ ചോദിച്ചു.
രാജ്യം കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് ബോധ്യമില്ലാത്ത ഒരു മനുഷ്യന് മാത്രമേ ഇടതുപക്ഷത്തെക്കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്താനാകൂ എന്ന് ആനി രാജ വിമര്‍ശിച്ചു. ഫാസിസത്തോട് സദാ ഏറ്റുമുട്ടി അതിന്റെ പേരില്‍ കേസുകളോട് പോരാടുന്ന, മര്‍ദനങ്ങള്‍ നേരിടുന്നവര്‍ ആരെന്ന ചോദ്യം ശശി തരൂരിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഫാസിസ്റ്റ് ശക്തികളോട് പോരാടിയതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ എന്ത് കേസാണുള്ളതെന്നും ആനി രാജ തിരിച്ചടിച്ചു.
ഇടതുപക്ഷം പാര്‍ലമെന്റിലെത്തുന്നത് വേസ്റ്റാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി തരൂര്‍ പറഞ്ഞിരുന്നത്. സിഎഎ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ആദ്യം എതിര്‍ത്തത് താന്‍ ആയിരുന്നെന്ന് തരൂര്‍ പറഞ്ഞിരുന്നു. ഗൂഗിളില്‍ കയറി പ്രസംഗങ്ങള്‍ തപ്പിയാല്‍ കിട്ടും. കോണ്‍ഗ്രസിനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും തരൂര്‍ മറുപടി നല്‍കിയിരുന്നു.