ഇടുക്കി: തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് സിപിഐയിലെ പ്രമുഖ നേതാവാണെന്ന് ഇ.എസ് ബിജിമോള്‍ എംഎല്‍എ. ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിജിമോള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒപ്പമുളളവര്‍ വിഷം കലര്‍ത്തി വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ബിജിമോള്‍ ഉന്നയിച്ചത്.
എന്നാല്‍ ആരാണ് ഇതെന്ന് വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്നാണ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പീരുമേട് താലൂക്കില്‍ നിന്നുളള നേതാവാണ് അതെന്നും അയാളുടെ പേര് പുറത്ത് പറയില്ലെന്നും ബിജിമോള്‍ കൂട്ടിച്ചേര്‍ക്കുന്നത്. വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിജിമോള്‍ വ്യക്തമാക്കുന്നു. വധഭീഷണിയുളളതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് താനും മക്കളും ഭര്‍ത്താവും ഒരു വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടില്ല. ഭക്ഷണം പോലും സൂക്ഷിച്ചാണ് കഴിച്ചത്.
കൂടെയുളള മറ്റാരെങ്കിലും ഭക്ഷണം കഴിച്ചോ എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് താനും കുടുംബാംഗങ്ങളും ഭക്ഷണം കഴിച്ചിരുന്നത്. മരിച്ചാല്‍ അത് അപകടമരണമാണോ സാധാരണ മരണമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമെ മൃതദേഹം സംസ്‌കരിക്കാവു എന്ന് ഡയറിയില്‍ കുറിച്ചിടുകയും ചെയ്തിരുന്നു.
അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. യാത്ര ചെയ്യേണ്ടി വന്ന സാഹചര്യങ്ങളില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരെ ഒപ്പം കൂട്ടിയിരുന്നു. പുറത്തുനിന്ന് മാത്രമല്ല, ഉള്ളില്‍ നിന്നും ശത്രുക്കളുണ്ടായിരുന്നു, തന്നെ മാത്രമല്ല മക്കളെകൂടിയാണ് ചിലര്‍ ലക്ഷ്യമിട്ടതെന്നും ബിജിമോള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് എനിക്കെതിരെ പീരുമേട്ടില്‍ പ്രവര്‍ത്തിച്ചവരില്‍ സ്വന്തം പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. ഒരു പാത്രത്തില്‍ കഴിച്ചുകൊണ്ടിരുന്നത്ര സ്വാതന്ത്ര്യമുള്ള ഒരാള്‍ ഏറ്റവും മോശമായ അപവാദ തിരക്കഥ തയാറാക്കി ഒരു മാസികയ്ക്കു നല്‍കി.
അതു പ്രസിദ്ധീകരിക്കാതെ വന്നപ്പോള്‍ ഡിടിപി എടുത്തു കെട്ടുകെട്ടുകളാക്കി കടകളില്‍ എത്തിച്ചു വിതരണം ചെയ്തു. 4000 ഏക്കര്‍ മാന്തോപ്പിന്റെയും 2000 ഏക്കര്‍ തെങ്ങിന്‍തോപ്പിന്റെയും 3000 ഏക്കര്‍ പൂന്തോപ്പിന്റെയും 240 ഏക്കര്‍ കവുങ്ങിന്‍ തോപ്പിന്റെയും ഉടമയാണ് താനെന്നായിരുന്നു പ്രധാന പ്രചാരണം. അനധികൃതമായി പണം സമ്പാദിക്കുന്ന വ്യക്തിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടന്നു.
തെരഞ്ഞെടുപ്പിനുശേഷവും ജീവഭയത്തോടെയും മാനഹാനി പ്രതീക്ഷിച്ചുമാണ് ജീവിക്കുന്നത്. അസമയങ്ങളിലെ യാത്ര പരമാവധി ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും ബിജിമോള്‍ വ്യക്തമാക്കുന്നു.
അതേസമയം ആരോപണങ്ങള്‍ പാര്‍ട്ടി കമ്മിറ്റിയിലാണ് ബിജിമോള്‍ ഉന്നയിക്കേണ്ടതെന്നും പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കി ഇക്കാര്യം വെളിപ്പെടുത്തിയ ബിജിമോളുടെ നടപടി തെറ്റാണെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.
ബിജിമോള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. ബിജിമോളുടെ ആരോപണത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് വരികയാണ്. ബിജിമോള്‍ക്ക് എതിരെ എന്ത് നടപടി എടുക്കണമെന്നത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ശിവരാമന്‍ വ്യക്തമാക്കി.