കണ്ണൂര്‍: ധര്‍മടത്തിന് സമീപം അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകരെ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.
മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷാണ് (52) ഇന്നലെ രാത്രി പതിനൊന്നരയോടെ വെട്ടേറ്റ് മരിച്ചത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവസമയത്ത് സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബേബിയും മക്കളായ സാരംഗും വിസ്മയയും ബേബിയുടെ മീത്തലെപീടികയിലെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെ സുഹൃത്തിനെ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതിനിടെ രക്തംവാര്‍ന്ന് മരണം സംഭവിച്ചിരുന്നു.കൊലപാതകം നടത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ചിറക്കുനിയില്‍ രണ്ട് ബി.ജെ.പി പിറവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായതായി ആരോപണമുണ്ട്. ആക്രമണത്തില്‍സാരമായി പരിക്കേറ്റ രഞ്ജിത് (35) തലശേരി ഇന്ദിരഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന വികാസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം ബ്രണ്ണന്‍ കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം നടന്നിരുന്നു.
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചും ക്യാമ്പസില്‍ എസ്.എഫ്.ഐ എ.ബി.വി.പി സംഘര്‍ഷം ഉണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് അണ്ടല്ലൂരിലെ കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ അണ്ടല്ലൂരിലും പരിസരങ്ങളിലും ആയുധശേഖരം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക പരിശോധന നടന്നിരുന്നു.
ആര്‍.എസ്.എസ് അണ്ടല്ലൂര്‍ ശാഖ മുന്‍ ശിക്ഷക് ആയിരുന്നു സന്തോഷ്. നിലവില്‍ ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധര്‍മടം പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.