തിരുവനന്തപുരം: ലോകായുക്ത ഭേദഗതി നിയമപരമായി നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന നിലപാടിലുറച്ച് സിപിഐ. ഭേദഗതിക്ക് മുന്നേ കൂടിയാലോചനകള്‍ വേണമായിരുന്നു എന്നാണ് സിപിഐ വ്യക്തമാക്കിയത്. ലോകായുക്ത വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു. ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തിലും സി.പി.ഐ നിലപാടില്‍ മാറ്റമുണ്ടായിരുന്നില്ല.
മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കാനം രാജേന്ദ്രന്‍ അതൃപ്തി വ്യക്തമാക്കി. ഭേദഗതിയുടെ ആവശ്യകത ഗവര്‍ണര്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും അതിനാലാണ് അദ്ദേഹം ഒപ്പിട്ടതെന്നും എന്നാല്‍ അത് സിപിഐക്ക് മനസ്സിലായിട്ടില്ലെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.
അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എല്‍ഡിഎഫിനെ മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നു പറഞ്ഞ കാനം ലോകായുക്തയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും പറഞ്ഞു. ആദ്യം മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ആശയസമന്വയം ഉണ്ടാക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു. ലോകായുക്ത നിയമഭേദഗതിയില്‍ പ്രതിപക്ഷത്തിന് സമാനമായി എതിര്‍പ്പാണ് സിപിഐയും പ്രകടിപ്പിച്ചത്.
ഗവര്‍ണ്ണര്‍ ഒപ്പിട്ടതോടെ സര്‍ക്കാരിന് ആശ്വാസം ആയെങ്കിലും മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ അനുയനത്തിന്റെ പാതയിലെത്താത്തത് സിപിഎമ്മിന് തലവേദനയാണ്. ഓര്‍ഡിനന്‍സില്‍ ഇപ്പോഴും എതിര്‍പ്പുണ്ടെന്ന് കാനം തുറന്നടിച്ചു. ഓര്‍ഡിനന്‍സ് കൊണ്ട് വരാനുള്ള അടിയന്തര സാഹചര്യം പാര്‍ട്ടിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നാണ് സി.പി.ഐയുടെ നിലപാട്.