കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലും സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് മുന്‍ഗണന. എറണാകുളം ജില്ലയിലെ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, സി.എന്‍ മോഹനന്‍, സി.എം ദിനേശ് മണി, എന്നിവരുടെ അടുത്ത ബന്ധുക്കളാണ് ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിതരായത്.
ഇവരെ കൂടാതെ പ്രമുഖ നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധുവും പ്ലീഡറായി. ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയേയും സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന്റെ ചെയര്‍മാനായി നിയമിച്ച എം.സി മോഹനന്റെ ഭാര്യയേയും പ്ലീഡറായി നിയമിച്ചു.
സി.പി.എം അനുകൂല അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയനിലെ പ്രമുഖരെ ഒഴിവാക്കി നേതാക്കള്‍ തന്നെ ബന്ധുക്കളെ പ്ലീഡര്‍മാരാക്കിയതില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ അമര്‍ഷം പുകയുകയാണ്.