തിരുവനന്തപുരം: കാല്‍നൂറ്റാണ്ടായി തുടര്‍ന്ന ഇടതുപക്ഷ ഭരണം തകര്‍ത്തെറിഞ്ഞ് ത്രിപുരയില്‍ ബി.ജെ.പി അട്ടിമറി വിജയം നേടിയതില്‍ ഞെട്ടി സി.പി.എം നേതാക്കള്‍.
മണിക് സര്‍ക്കാറിനെ പോലെ ഏറ്റവും ദരിദ്രനായ . . സാധാരണക്കാരനായ, മുഖ്യമന്ത്രിയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ഭരണത്തില്‍ നിന്നും പുറത്തായതാണ് സി.പി.എം നേതാക്കളുടെ ഉറക്കം കെടുത്തുന്നത്. ഇവിടെ ഒറ്റക്കാണ് ബി.ജെ.പി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയിരിക്കുന്നത്.
കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായും വാഷ് ഔട്ട് ആക്കിയുള്ള കാവി പടയുടെ മുന്നേറ്റത്തില്‍ ചെമ്പടയുടെ സ്വപ്നങ്ങളും തകര്‍ന്നടിയുകയായിരുന്നു. ഇനി സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് കേരള ഭരണം മാത്രം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണവും അമിത് ഷായുടെ തന്ത്രങ്ങളുമാണ് വിസ്മയിപ്പിക്കുന്ന അട്ടിമറി വിജയം കാവി പടക്ക് ഇവിടെ സാധ്യമാക്കിയത്. പുതിയ തലമുറയുടെ കരുത്തിലാണ് ബി.ജെ.പി മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.
ബംഗാളിനു പുറമെ ത്രിപുരയിലേയും ഭരണ കുത്തക കൂടി തകര്‍ന്നതോടെ ഇനി എന്ത് എന്ന ചോദ്യമാണ് സി.പി.എമ്മിനു മുന്നില്‍.
ബി.ജെ.പിയാകട്ടെ വളരെ ആവേശത്തിലാണിപ്പോള്‍. കമ്യൂണിസ്റ്റുകള്‍ അവശേഷിക്കുന്ന കേരളത്തില്‍ കാവിപടയുടെ മുന്നേറ്റം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ തുടങ്ങുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
ഇടതുപക്ഷത്തെ മാത്രമല്ല കോണ്‍ഗ്രസ്സിനെയും ആശങ്കപ്പെടുത്തുന്ന വിജയമാണ് ത്രിപുരയില്‍ ബി.ജെ.പി നേടിയത്. കൂട് മാറി ബി.ജെ.പി പാളയത്തിലെത്തിയ കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും ജനങ്ങള്‍ തിരഞ്ഞെടുത്തതാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്.
കേരളത്തിലും ത്രിപുര മോഡല്‍ സമീപനം ബി.ജെ.പി സ്വീകരിച്ചാല്‍ അത് കോണ്‍ഗ്രസ്സിന്റെയും അടിത്തറ തകര്‍ക്കുമെന്ന പേടി നേതൃത്വത്തിനുണ്ട്.
നിലവില്‍ 52,880 വോട്ടിനാണ് ചെങ്ങന്നുരില്‍ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ.രാമചന്ദ്രന്‍ നായര്‍ വിജയിച്ചത്. കോണ്‍ഗ്രസ്സ് 44,897 വോട്ടും ബി.ജെ.പി 42,682 വോട്ടുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും വാങ്ങിയത്.
ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലം പിടിച്ചെടുക്കാന്‍ ത്രിപുര മോഡല്‍ പ്രചരണവുമായി പരിവാര്‍ സംഘടനകള്‍ രംഗത്തു വന്നാല്‍ ഇടതുപക്ഷത്തിനും യു.ഡി.എഫിനും ശരിക്കും വിയര്‍ക്കേണ്ടി വരും.
ചെങ്ങന്നൂരിലൂടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറ്റിമറിക്കുമെന്നാണ് ബി.ജെ.പി ഇപ്പോള്‍ അവകാശപ്പെടുന്നത്.