നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ട ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സീമാമുവിനെ സി.പി.എം നേതാക്കള്‍ ഖേദം അറിയിച്ചു.
മുന്‍ ഏരിയാ സെക്രട്ടറി പി.ടി ഉമ്മര്‍, നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി കക്കാടന്‍ റഹീം എന്നിവരാണ് ഡോക്ടറെ നേരില്‍ക്കണ്ട് ഖേദം അറിയച്ചത്.
ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എ ഭീഷണിപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു നേരത്തെ കെ.ജി.എം.ഒക്ക് പരാതി നല്‍കിയിരുന്നു.
ആഗസ്റ്റ് മൂന്നിന് നടന്ന യോഗത്തില്‍ പേ വാര്‍ഡില്‍ സ്റ്റാഫ് നഴ്‌സ് ഡ്യൂട്ടി എടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വീട്ടില്‍ അച്ഛന്‍ സമ്പാദിച്ച കാശുണ്ടെങ്കില്‍ ജോലി ഉപേക്ഷിച്ചു പോകാനും സ്ഥാപനം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും ശരിയാക്കിക്കളയുമെന്നും ഭീഷണി മുഴക്കിയെന്നായിരുന്നു സൂപ്രണ്ടിന്റെ പരാതി.
2002ല്‍ സര്‍വീസില്‍ പ്രവേശിച്ച തന്നെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും നിലമ്പൂര്‍ താലൂക്കാശുപത്രിയായപ്പോഴും ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയപ്പോഴും ആശുപത്രിയുടെ പുരോഗതിക്കായാണ് പ്രവര്‍ത്തിച്ചതെന്നും ഡോ. സീമാമു വ്യക്തമാക്കിയിരുന്നു.
ആശുപത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതും ശരിയാക്കിക്കളയും എന്ന ഭീഷണിയും മാനസികമായി തളര്‍ത്തിയതിനാലാണ് കെ.ജി.എം.ഒ എ നേതൃത്വവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയാല്‍ എം.എല്‍.എക്കെതിരെ കേസാകുമെന്നു കണ്ടാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്.