കോഴിക്കോട് : ബിജെപിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം ശക്തമാക്കാന്‍ സി പി എം സെക്രട്ടേറിയേറ്റ് തീരുമാനം.
ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ വര്‍ഗ്ഗീയ വിരുദ്ധപ്രചാരണങ്ങള്‍ നടത്തും. കേരളത്തില്‍ കുഴപ്പമുണ്ടാക്കുകയാണ് ബി ജെപിയുടെ ലക്ഷ്യമെന്ന് സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സെക്രട്ടേറിയേറ്റ് ചേര്‍ന്നത്. വേങ്ങരയില്‍ ഫലപ്രദമായ രീതിയില്‍ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി.
ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ആരംഭിക്കുന്ന പ്രചാരണപരിപാടികള്‍ക്ക് പുറമെ സംസ്ഥാനത്ത് ഒരു മാസം നീണ്ട് നില്‍ക്കുന്ന വര്‍ഗ്ഗീയ വിരുദ്ധ ക്യാംപെയ്ന്‍ നടത്താനാണ് തീരുമാനം.
വിപ്ലവഗാനങ്ങള്‍ സ്വന്തം വേദികളില്‍ ആലപിക്കുന്നതിലൂടെ ബി ജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് പുറത്ത് വരുന്നതെന്നും കോടിയേരി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം ശരിയല്ല. ആശയത്തെ നിരോധനം വഴി നേരിടുക പ്രായോഗികമല്ലെന്നും കോടിയേരി വ്യക്തമാക്കി.