പാലക്കാട്: മലമ്പുഴ കടുക്കാംകുന്നില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി തടവ് അനുഭവക്കേണ്ടി വരും.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരായ മണികണ്ഠന്‍, രാജേഷ്, മുരുകന്‍, സുരേഷ്, ഗിരീഷ് എന്നിവരാണ് കുറ്റക്കാര്‍. 2007ല്‍ മലമ്പുഴ കടുക്കാംകുന്ന് സ്വദേശികളായ രവീന്ദ്രന്‍, ഗോപാലകൃഷ്ണന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
നാല്, ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. ഗൂഢാലോചനക്കാരായ ഇവര്‍ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വിനോദ് കൈനാട്ട് പറഞ്ഞു. മലമ്പുഴ കാലിത്തീറ്റ ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ട രണ്ട് പേരും. വിവാഹ പാര്‍ട്ടിക്ക് പോയി മടങ്ങിയ ഇരുവരേയും പതിയിരുന്ന ആര്‍എസ്എസ് സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി കൊല്ലുകയായിരുന്നു. കടുക്കാംകുന്ന് നിലംപതി പാലത്തില്‍ വെച്ചായിരുന്നു ആക്രമണം.