CPI-Maoist central committee-againt roopesh and shina

നിലമ്പൂര്‍: പൊലീസ് പിടിയിലായ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയും പാര്‍ട്ടിയുടെ അടിവേരു തോണ്ടുന്ന പ്രവര്‍ത്തനം നടത്തിയെന്ന് സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ രഹസ്യരേഖ.

നിലമ്പൂര്‍ കരുളായി ഉള്‍വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെ ലാപ് ടോപ്പില്‍ നിന്നാണ് ഇതു സംബന്ധിച്ച രേഖ പൊലീസിനു ലഭിച്ചത്.

പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന രൂപേഷിന്റെ നേതൃത്വത്തിലായിരുന്നു കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയിരുന്നത്.

2015 മെയ് നാലിന് കോയമ്പത്തൂരില്‍ നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ അകലെയുള്ള കരുമത്താംപട്ടിയില്‍വെച്ച് രൂപേഷും ഷൈനയും അഞ്ചുപേരടങ്ങുന്ന മാവോയിസ്റ്റ് സംഘവും തമിഴ്‌നാട്, ആന്ധ്ര പൊലീസ് സംഘത്തിന്റെസംയുക്ത നീക്കത്തില്‍ പിടിയിലാവുകയായിരുന്നു.

രൂപേഷും ഷൈനയും പിടിയിലായതോടെയാണ് പശ്ചിമഘട്ട മേഖലാകമ്മിറ്റിയുടെ ചുമതലയേറ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജ് നിലമ്പൂര്‍ വനമേഖലയിലെത്തിയത്.

പൊലീസ് പിടിയിലാകുന്നതിലേക്ക് നയിച്ചത് രൂപേഷിന്റെയും ഷൈനയുടെയും താന്‍പോരിമയും പിഴവുകളുമാണെന്നു വ്യക്തമാക്കുന്നതാണ് സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ രേഖ.

പാര്‍ട്ടിയില്‍ രൂപേഷ് കരിയന്‍ എന്നും ഷൈന പ്രിയ എന്നുമാണ് അറിയപ്പെടുന്നത്. മാവോയിസ്റ്റ് താവളത്തില്‍ പാലിക്കേണ്ട സുരക്ഷാമുന്‍കരുതലുകള്‍ കെയും പിയും പാലിച്ചില്ലെന്ന ഗുരുതരകുറ്റപ്പെടുത്തലാണ് രേഖയിലുള്ളത്.

പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കികൊണ്ട് തന്നെ ഇവര്‍ മക്കളെ താവളത്തില്‍ താമസിപ്പിച്ചു. സുരക്ഷയൊരുക്കാതെ 10 വര്‍ഷത്തെ രഹസ്യ കത്തിടപാടുകളും സൂക്ഷിച്ചു. അവര്‍ പാര്‍ട്ടിയെയും സഖാക്കളെയും അപടത്തില്‍കൊണ്ട് ചാടിച്ചു. രൂപേഷിന്റെയും ഷൈനയുടെയും ശക്തമായ താന്‍പോരിമ പാര്‍ട്ടിയുടെ അടിവേരു തോണ്ടുന്നതായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

picsart_01-05-12-02-30

പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന രൂപേഷ് സി.പി.ഐ മാവോയിസ്റ്റ് സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമാണെന്നാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പി.ബി അംഗത്വം രൂപേഷിനുണ്ടായിരുന്നില്ല.

പാര്‍ട്ടിയിലെ പേരായ കരിയന്‍ എന്നതിനു പകരം രൂപേഷ് എന്ന നിലയില്‍ തന്നെയാണ് മാധ്യമങ്ങളിലും പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. അര്‍ബന്‍ സ്ലീപ്പിങ് സെല്ലുകള്‍ സജീവമായ കേരളത്തില്‍ സായുധപോരാട്ട സംഘമായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയിലേക്ക് കൂടുതല്‍ കേഡര്‍മാരെ റിക്രൂട്ട് ചെയ്യാനും മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.

രൂപേഷിന്റെയും ഷൈനയുടെയും അഞ്ചു സഖാക്കളുടെയും അറസ്റ്റിനു ശേഷം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Top