ആലപ്പുഴ: കുട്ടനാട് തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കെ ജി പ്രസാദ് ആരോപണം ഉന്നയിച്ച ബാങ്കുകള്‍ക്കെതിരെ പ്രതിഷേധവുമായി സിപിഐ. പ്രസാദിന്റെ മരണത്തില്‍ ബാങ്കുകള്‍ക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വരും ദിവസങ്ങളില്‍ ജില്ലയിലാകെ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐ തീരുമാനം.
കുട്ടനാട്ടിലെ ആറ് കേന്ദ്രങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന് പാര്‍ട്ടി കൈയ്യാളുന്ന വകുപ്പുകള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള ശക്തമായി പ്രതിരോധിക്കുക കൂടിയാണ് ഇതിലൂടെ നേതൃത്വം ലക്ഷ്യമിടുന്നതെന്നും സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വ്യക്തമാക്കി.
ആത്മഹത്യ കുറിപ്പിലും മറ്റും പ്രസാദ് സൂചിപ്പിച്ച കാര്യങ്ങളെ വിശ്വാസത്തിലെടുത്താണ് സമരവുമായി മുന്നോട്ട് പോകാനുള്ള സിപിഐ യുടെ തീരുമാനം. ബാങ്കുകള്‍ വായ്പ നിഷേധിച്ചതും സിബില്‍ സ്‌കോര്‍ മൂലം പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായും ആത്മഹത്യകുറിപ്പില്‍ കര്‍ഷകന്‍ കെ ജി പ്രസാദ് എഴുതിവെച്ചിരുന്നു. തകഴിയിലെ ഫെഡറല്‍ ബാങ്ക് ശാഖയ്ക്കു മുന്നില്‍ തുടക്കമിട്ട സമരം വരും ദിവസങ്ങളില്‍ ജില്ലയിലാകെ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി.