പരസ്യ പ്രതികരണങ്ങള്‍ ഗ്രൂപ്പിസത്തിലേക്ക് നയിക്കുന്നു; വിഭാഗീയത ഏറ്റുപറഞ്ഞ് സിപിഐ

വിജയവാഡ: പരസ്യ പ്രതികരണങ്ങൾ വിഭാഗീയതയിലേക്ക് നയിക്കുന്നുവെന്ന് സിപിഐയുടെ 24ാം പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ട്. പരസ്യ പ്രതികരണങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജെപി – ആർഎസ്എസ് ആശയ ധാരകളെ ചെറുക്കാൻ പാർട്ടി സ്‌കൂളിങ് ശക്തമാക്കണമെന്നും സംഘടന റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

ചർച്ചകൾക്ക് മുന്നോടിയായി സിപിഐ ദേശീയ സെക്രട്ടറി അതുൽ കുമാർ അഞ്ചാൻ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിലാണ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ വിഭാഗീയതക്ക് കാരണമാകുന്നു എന്ന വിലയിരുത്തൽ. പരസ്യ പ്രതികരണങ്ങൾ പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കണമെന്നും വിഭാഗീയതക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

ബിജെപി – ആർഎസ്എസ് ആശയ ധാരകളെ ചെറുക്കാൻ ദേശീയ തലത്തിൽ പാർട്ടി വിദ്യാഭ്യാസത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് റിപ്പോർട്ടിലുണ്ട്. ബ്രാഞ്ച്, സെക്രട്ടറിമാർമുതൽ ജില്ല സെക്രട്ടറിമാർ വരെയുള്ളവർക്ക് സംസ്ഥാന കൗൺസിൽ ചിട്ടയായ സ്‌കൂളിംഗ് നടപ്പാക്കണം. ജില്ല സെക്രട്ടറിമാർ മുതൽ മുകളിലേക്ക് ദേശീയ കൗൺസിൽ ക്ലാസ് ഒരുക്കണമെന്നുമാണ് നിർദ്ദേശം. ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ ആണ് ക്ലാസുകൾ നടത്തേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടുകളിലെ ചർച്ചകൾ അടുത്ത രണ്ട് ദിവസം നടക്കും.

Top