തിരുവനന്തപുരം: അട്ടപ്പാടിയില്‍ നടന്ന ഏറ്റുമുട്ടല്‍ വ്യാജമെന്ന് ആവര്‍ത്തിച്ച് സിപിഐ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച സമിതി അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പി പ്രസാദ്, മുഹമ്മദ് മുഹസിന്‍, പ്രകാശ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് നിയമസഭയിലെത്തി മുഖ്യമന്ത്രിക്ക് കൈമാറിയത്. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ സിപിഐ ആവശ്യപ്പെടുന്നത്.
സ്ഥലം സന്ദര്‍ശിക്കാന്‍ നിയോഗിച്ച പ്രതിനിധികള്‍ തന്നെയാണ് അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.പൊലീസ് ഏകപക്ഷീയമായാണ് വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ മരിച്ച മണിവാസകം എന്ന മാവോയിസ്റ്റിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാവോയിസ്റ്റുകള്‍ക്ക് നേരെയാണ് പൊലീസ് വെടിയുതിര്‍ത്തതെന്ന പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ ചേര്‍ത്താണ് സിപിഐ സംഘം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കാന്‍ ആരും മുതിരേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. മഞ്ചിക്കണ്ടിയില്‍ പൊലീസ് നടപടിയെ മുഖ്യമന്ത്രി ആവര്‍ത്തിച്ച് ന്യായീകരിക്കുന്നതിനിടയാണ് വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണ് നടന്നതെന്ന നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നത്.