വെള്ളമെത്തിക്കാതെയാണ് മോദി സര്‍ക്കാര്‍ കക്കൂസ് നിര്‍മ്മിച്ച് : സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ച് ബിനോയ് വിശ്വം

തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളമെത്തിക്കാതെയാണ് മോദി സര്‍ക്കാര്‍ കക്കൂസ് നിര്‍മ്മിച്ചതെന്നും മോദിയുടെ നടക്കാത്ത ഗ്യാരന്റികള്‍ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ ചാക്കിനേക്കാള്‍ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക് മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ കര്‍ഷകര്‍ വെള്ളമില്ലാത്തതിനാല്‍ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ്. പിറന്ന നാട്ടില്‍ ജനങ്ങളെ അഭയാര്‍ഥികളാക്കുന്നതാണ് മോദി സര്‍ക്കാരിന്റെ ഭരണം. ഒന്നര മാസത്തിനുള്ളില്‍ 3 തവണ കേരളത്തില്‍ വന്ന മോദി മണിപ്പൂരില്‍ ഒരു തവണ പോലും പോയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാഗ്ദാനങ്ങള്‍ വില്‍ക്കാന്‍ വരുന്ന മോദിയെ ജനം വിശ്വസിക്കില്ല. ബിജെപിയും കോണ്‍ഗ്രസും സ്വാഭാവിക സഖ്യത്തിന് ശ്രമിക്കുകയാണ്. തൃശൂരില്‍ ഒരിക്കലും ജയിക്കാത്തയാളെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട്, കേന്ദ്ര മന്ത്രിയാക്കുമെന്നതാണ് മോദിയുടെ ഗ്യാരന്റിയെന്നും അദ്ദേഹം പരിഹസിച്ചു.

Top