തലയ്ക്ക് സ്ഥിരതയുള്ളവര്‍ കോണ്‍ഗ്രസ്സിനൊപ്പം പോകില്ല; കോണ്‍ഗ്രസ്സ് ബന്ധം തള്ളി കാനം

kanam rajendran

തിരുവനന്തപുരം : കോണ്‍ഗ്രസ്സ് ബന്ധം തളളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

തലയ്ക്ക് സ്ഥിരതയുള്ളവര്‍ ആരും ഇപ്പോള്‍ കോണ്‍ഗ്രസ്സിനോട് സഹകരിക്കില്ലന്നും കാനം പറഞ്ഞു.

കുറിഞ്ഞി വിഷയത്തില്‍ റവന്യൂവനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി കോണ്‍ഗ്രസിനുളള പ്രമേയത്തിന്റെ കരടിന്‍മേല്‍ ചര്‍ച്ച നടക്കുകയാണ്. സഖ്യവും സഹകരണവും സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സാണ് തീരുമാനിക്കേണ്ടത്. ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയതില്‍ മന്ത്രി എം.എം മണി ഉന്നയിച്ച വിമര്‍ശനത്തിന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി മറുപടി പറയുമെന്നും കാനം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സിപിഐയെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിനുള്ള മറുപടിയാണ് കാനം നല്‍കിയിരിക്കുന്നത്.

സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും കെ പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു.

Top