വിജയവാഡ: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യമുയര്‍ന്നത്. കോൺഗ്രസുമായി സഖ്യം വേണമെന്ന് രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയിൽ രാജാജി മാത്യു തോമസാണ് ആവശ്യപ്പെട്ടത്. കോൺഗ്രസിനോട് സിപിഎമ്മിനുള്ളതുപോലെയുള്ള സമീപനം പാടില്ലെന്നും കേരള ഘടകം. ബദൽ സഖ്യ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യമുയർന്നു.
അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സി പി ഐ തീരുമാനം. പ്രായപരിധിയെ ചൊല്ലി പരസ്യപ്പോര് വരെ കേരളത്തില്‍ നടന്നതിനൊടുവില്‍ സി പി ഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുകയാണ്. പ്രായപരിധിയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തുന്നത്. പ്രായപരിധി നടപ്പാക്കുന്നതിലെ ഭരണഘടന ഭേദഗതിയിൽ നാളെ ചർച്ചയുണ്ടാകും. പ്രായപരിധി നടപ്പാക്കുന്നതിന് ഭരണഘടന പാർട്ടി പരിപാടി കമ്മീഷൻ യോഗം നാളെ രാവിലെ 9.30 ന് ചേരും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കമ്മീഷൻ അംഗമാണ്. റിപ്പോർട്ട് നാളെ വൈകിട്ട് സമർപ്പിക്കും.
പാര്‍ട്ടിയുടെ പ്രവർത്തനരീതിയിലടക്കം മാറ്റം വരുത്തണമെന്ന നിർദ്ദേശത്തോടെ അവതരിപ്പിച്ച കരട് സംഘടന റിപ്പോര്‍ട്ടിലും രാഷ്ട്രീയ പ്രമേയത്തിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചർച്ച തുടരുകയാണ്. റിപ്പോര്‍ട്ടുകളെ കുറിച്ച് സംസ്ഥാനങ്ങള്‍ അഭിപ്രായം വ്യക്തമാക്കും. ഡി രാജ ജനറൽ സെക്രട്ടറിയായി തുടരാനാണ് സാധ്യത. പുതിയ കൗൺസിലിനെക്കുറിച്ചുള്ള ആലോചന നാളെ നടക്കും.